വെറുപ്പിന്റെ വ്യാപാരികൾ - ടി ഡി രാമകൃഷ്ണൻ
ടി ഡി രാമകൃഷ്ണന്റെ എല്ലാ രചനകളിലൂടെയും സഞ്ചരിച്ചാൽ മനസിലാകുന്ന ഒരു വസ്തുത അദ്ദേഹം ഭരണത്തിന്റെ കാണാനൂലുകളെ പ്രത്യക്ഷമായും പരോക്ഷമായും വരച്ചു കാട്ടുന്നു എന്നുള്ളതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന്റെ എഴുത്തു തന്നെയാണ്. ജനങ്ങളെ തങ്ങളുടെ തടവുകാരായി കാണുന്ന ഏതൊരു ഭരണവ്യവസ്ഥയും പഴയകാല ഫാസിസത്തെ ക്കാൾ ഭീകരമാണ്. ഭരിക്കുന്നവരുടെ ചിന്താഗതികളും ഭരിക്കപ്പെടുന്നവരുടെ ചിന്താഗതികളും ഒന്നാകണം എന്ന നിലപാട് തന്നെ ഭയാനകം ആണ്. ഡോ. പി കെ പോക്കർ തന്റെ 'മാറുന്ന നോവൽ രാഷ്ട്രീയ ശരീരത്തിലെ മിത്തും സെക്സും' എന്ന ലേഖനത്തിൽ പറയുന്ന ഒരു വാചകം ഇപ്രകാരമാണ് '' നശിപ്പിക്കുന്തോറും വളരുന്ന ചെടികളും, തകർക്കും തോറും ഉയർന്ന വരുന്ന പ്രതിരോധങ്ങളും, ഉന്മൂലനം ചെയ്യും തോറും പുനർജനിക്കുന്ന വിപ്ലവകാരികളും, ഭൂമിയുടെ ഊർവ്വരത നില നിർത്താൻ അനിവാര്യമായതിനാൽ ഈ കഥകളെല്ലാം യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.''
'വെറുപ്പിന്റെ വ്യാപാരികൾ' എന്ന കഥ ആരംഭിക്കുന്നത് അർധരാത്രി എഴുത്തുകാരന്റെ വീട്ടിൽ പ്രത്യക്ഷപ്പെട്ട നാല് കാവി മുണ്ടും കറുത്ത ഷർട്ടും നെറ്റിയിൽ കുങ്കുമവും ചന്ദനവും ഹരിപ്രസാദവും ധരിച്ച ആൾക്കാരുടെ തുടർച്ചയായ കോളിങ് ബെല്ലിനു മുന്നിൽ ഞെട്ടി നിൽക്കുന്ന നോവലിസ്റ്റ് രാമചന്ദ്രനിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യയിൽ നിന്നുമാണ്. എന്ത് കൊണ്ടാണീ സമയത്തു അവരിവിടെ വന്നത് എന്ന കാര്യം എഴുത്തുകാരന് മനസിലായി . തന്റെ കഴിഞ്ഞ ദിവസത്തെ പരിപാടിയിലെ പ്രസംഗത്തിന്റെ പ്രഭാവമാണ് ഈ വരവ്... തീവ്ര ഹൈന്ദവ രാഷ്ട്രീയത്തിന്റെ പ്രവർത്തകനും, പുറമെ സൗമ്യനും , മാന്യനും പൊതുസമൂഹത്തിൽ മാന്യതയുടെ മുഖം മൂടിയും ഉള്ള തന്റെ സഹപാഠിയ ആയ സുന്ദർജിയുടെ കാര്യാലയത്തിലേക്ക് അവർ നോവലിസ്റ്റ് രാമകൃഷ്ണനെ കൂട്ടി കൊണ്ടുപോയി. സുന്ദർജി അദ്ദേഹത്തോട് തന്റെ നിലപാടിൽ നിന്ന് പിന്തിരിയാനും, രാമചന്ദ്രൻ എന്ന ഭഗവാന്റെ പേരുള്ളവർ ദൈവനിഷേധികളാകുന്നത് രാജ്യത്തിന് നല്ലതല്ല എന്നും, എഴുത്തുകാരൻ എന്ന നിലക്ക് വലിയ വലിയ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും വേണമെങ്കിൽ നിലപാടുകളിലെ വ്യത്യാസങ്ങൾ മറന്ന് തങ്ങളുടെ കൂടെ നിന്ന് പ്രവർത്തിക്കണം എന്നും ആവശ്യപെടുന്നു. വിശ്വാസങ്ങളെയും ആചാരങ്ങളേയും ആധാരമാക്കി ചിന്തിക്കാൻ എഴുത്തുകാർക്ക് ആകില്ലല്ലോ..
ഈ കഥയിൽ സുന്ദർജി രാമകൃഷ്ണനോട് ചോദിക്കുന്നുണ്ട് ''ജനാധിപത്യപരമായി തെരഞ്ഞെടുക്കപെട്ട ഒരു ഭരണകൂടത്തോട് എന്തിനാണ് താങ്കളെ പോലെയുള്ള എഴുത്തുകാർക്കും, ബുദ്ധിജീവികൾക്കും ഇത്ര അസഹിഷ്ണുത. ഞങ്ങളെ സമാധാനപരമായി ഭരിക്കാൻ അനുവദിച്ചു കൂടെ ?''
രാമകൃഷ്ണൻ മറുപടി പറയുന്നത് ഇപ്രകാരമാണ് '' അപ്പോൾ അതാണ് കാര്യം. ഭരണം. അതിനു ആരും തടസ്സം നില്കുന്നില്ലല്ലോ ? ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു അസഹിഷ്ണുതയും ഇല്ല. എന്ത് ഭക്ഷണം കഴിക്കണം എന്നും, ഏത് വസ്ത്രം ധരിക്കണം എന്നും, ആര് പാട്ട് പാടണം എന്നുമൊക്കെ പറഞ്ഞു നിങ്ങളാണ് അസഹിഷ്ണുക്കളാകുന്നത്.''
വേദങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും തങ്ങൾക്ക് ആവശ്യമുള്ളത് സ്വീകരിക്കുകയും, അതിലെ ചില വാചകങ്ങൾ തങ്ങൾക്ക് അനുകൂലമായി വളച്ചൊടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളെ ഓർത്തു എഴുത്തുകാരൻ ആശ്ചര്യപെടുന്നുണ്ട്. ബീഫ് നിരോധനത്തെക്കുറിച്ചും, ദാദ്രി കൊലപാതകത്തിനെതിരെയും എഴുതരുത് എന്നും, അത് രാജ്യത്തിന്റെ ആഗോള തലത്തിലെ പ്രതിച്ഛായ മാറ്റി മറിക്കുമെന്നും അവർ അയാളോട് പറയുന്നു.. രാജ്യത്തിന്റെ അല്ല ഭരണത്തിന്റെ പ്രതിച്ഛായ ആണ് മാറുക എന്ന് രാമചന്ദ്രൻ ശക്തമായി മറുപടി പറയുന്നു. രാമചന്ദ്രന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് മനസിലാക്കി അവസാനമായി രാജ്യസ്നേഹത്തിന്റെ പേര് പറഞ്ഞും അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനും രാമചന്ദ്രൻ ശക്തമായി പ്രതികരിക്കുന്നു..'' അതുകൊണ്ടാണോ നിങ്ങൾ പശുവിറച്ചി തിന്നണം എങ്കിൽ പാകിസ്താനിലേക്ക് പോകൂ എന്ന് പറയുന്നത്. സുന്ദർജി ഞങ്ങളും ഈ രാജ്യത്തെ സ്നേഹിക്കുന്നവരാണ്. പക്ഷെ ദേശസ്നേഹം പ്രകടിപ്പിക്കേണ്ടത് ഒരു വിഭാഗം ജനങ്ങളെ അന്യവത്കരിച്ചുകൊണ്ടല്ല. സമീപകാലം മുതലേ മുസ്ലിമുകളോടുള്ള താങ്കളുടെ സംഘടനയുടെ സമീപനം ശരിയല്ല.''
ഭിന്നിപ്പിക്കുക ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ പഴയ നയം പുതിയ വീഞ്ഞ് കുപ്പിയിൽ...അത്രയേ ഉള്ളൂ വ്യത്യാസം.. വെറുപ്പിനെ വില്ക്കുന്ന ആ വ്യാപാരികൾക്ക് മുന്നിൽ തന്റെ ആശയ ലോകം അടിയറവ് വയ്ക്കില്ല എന്ന ഉറച്ച തീരുമാനത്തിന്റെ വില അദ്ദേഹത്തിന്റെ ജീവനായിരുന്നു.. വെറുപ്പിന്റെ വ്യാപാരികളുടെ കൊല കത്തിക്ക് ഇരയായി തീരേണ്ടി വരുന്ന എഴുത്തുകാർ ഇനിയും ഉണ്ടാകുമോ ???
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമലയാളഭാഷയിൽ താങ്കൾക്കുള്ള പ്രാമുഖ്യം ആദ്യം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്
ഇല്ലാതാക്കൂ