അപർണയുടെ തടവറകൾ (അശ്വതിയുടെയും )- ചന്ദ്രമതി
തന്റെ മുന്നിലൂടെ പല പല രൂപങ്ങളിൽ വന്നവരെ ആധാരമാക്കി ചന്ദ്രമതി എഴുതിയ സമകാലികപ്രസക്തിയുള്ള ഒരു നോവലാണിത്. പലതും കാണുമ്പോൾ , അറിയുമ്പോൾ എഴുതാതിരിക്കാൻ ആവില്ലെന്നും , ശരിയേതെന്ന് ആശയകുഴപ്പം നിലനിൽക്കുമ്പോഴും തടവറകൾ കൂടെയുണ്ടെന്ന് എഴുത്തുകാരി പറയുന്നു. എഴുത്തുകാരിയുടെ അഭിപ്രായത്തിൽ സ്വാതന്ത്ര്യം എന്നാൽ ഒന്നും എഴുതാത്ത ഒരു ചെക്കാണ്. എഴുതാത്തിടത്തോളം വിലയില്ല. എഴുതിയാലോ വിലയും പോയി . ആത്മസംഘര്ഷങ്ങളുടെ പടുകുഴിയിൽ നട്ടം ചുറ്റുന്ന പുതിയ തലമുറയിലെ വേവലാതികളിലേക്കും, ചിന്താധാരകളിലേക്കും നോവൽ നമ്മെ കൂട്ടി കൊണ്ട് പോകുന്നു . സ്വയം സൃഷ്ടിച്ച ഒരു ലോകത്തിൽ ഒതുങ്ങി കഴിയാൻ ആഗ്രഹിക്കുന്ന യുവതലമുറക്ക് ലാപ്ടോപ്പ് , മൊബൈൽ തുടങ്ങിയ ഉപകരണങ്ങൾ ആൾകൂട്ടത്തിൽ നിന്നും രക്ഷപെടാനുള്ള ഉപകരണങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു.
പുതിയ തലമുറയുടെ ചിന്താഗതികളെ ഇത്തരത്തിലാക്കി മാറ്റിയതിൽ പഴയതലമുറ വഹിക്കുന്ന പങ്കും നോവലിൽ ചർച്ച ചെയ്യപെടുന്നുണ്ട്. സ്ത്രീ പുരുഷ സൗഹൃദങ്ങളെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണാൻ കഴിയുന്ന പഴഞ്ചൻ ചിന്താഗതിയുടെ പ്രതിനിധിയായി നോവലിൽ നാരംഗ് എന്ന കഥാപാത്രം നമുക്ക് മുന്നിൽ എത്തുന്നു. പഴയതലമുറയുടെയും , പുതിയ തലമുറയുടെയും ബന്ധങ്ങളിൽ വന്ന വിള്ളലുകളെ പറ്റിയുള്ള ഒരു അന്വേഷണം കൂടിയാണ് ഈ നോവൽ. വിധി എന്ന് വിചാരിച്ചു എല്ലാം സഹിക്കാൻ തയ്യാറാവുന്നവരോട് കശ്യപ് എന്ന കഥാപാത്രത്തിലൂടെ എഴുത്തുകാരി പറയുന്നത് ശ്രദ്ധേയമാണ് '' വിധി ഒരു വിഡ്ഢിക്കു ചാരി നിൽക്കാനുള്ള ഇല്ലാത്ത മതിലാണ്.''
സമൂഹം , വിവാഹം തുടങ്ങിയ സ്ഥാപനങ്ങളോട് വിശ്വാസം നഷ്ടപ്പെട്ട പുതിയ തലമുറയ്ക്ക് ഇത്തരം സ്ഥാപനങ്ങൾ വെറുമൊരു പ്രഹസനം മാത്രമായി തോന്നുന്നു. ഇത്തരം ചിന്താഗതി വച്ചു പുലർത്തുന്ന നാല് ഗവേഷകവിദ്യാർഥികളിലൂടെയാണ് നോവൽ കടന്നുപോകുന്നത്. നോവലിലെ ഒരു കഥാപാത്രത്തിന്റെ ചിന്താഗതി ഇപ്രകാരം ആണ് ''കല്യാണമെന്ന ചടങ്ങിൽ കൂടി - അത് വെറുമൊരു ഒപ്പോ താലിയോ എന്തായാലും -എന്ത് വിശ്വസ്തതയാണ് ഉറപ്പു വരുത്താൻ കഴിയുക ? മംഗല്യ സൂത്രം എന്നത് വെറുമൊരു ചത്ത ലോഹമാണ് . ആ ലോഹത്തിന് ജീവനുണ്ടാകണം എങ്കിൽ അതിനു പിന്നിൽ ഒരു സംസ്കാരത്തിന്റെ സ്പന്ദനം ഉണ്ടാകണം. നിർഭാഗ്യത്തിന് ഇന്നു ഇല്ലാതെ പോകുന്നതും അതാണ്'' മനസികപൊരുത്തം എന്ന അമൂർത്തമായ ഒരു ആശയം ഇല്ലെങ്കിൽ ദാമ്പത്യം വിരസമായ ഉത്തരവാദിത്തം ആയി മാറുമെന്ന കാര്യത്തിൽ സംശയം ഇല്ല. വിവാഹ ബന്ധത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കാനുള്ള ശ്രമവും, സ്വാതന്ത്യം എന്ന് സ്വയം തീരുമാനിച്ച ജീവിത രീതികളെ പിന്തുടരാൻ ആഗ്രഹിക്കുന്ന പുത്തൻ തലമുറയുടെ ചിന്താഗതികളെ പരിശോധനവിധേയമാക്കുകയും ചെയ്യുകയാണ് എഴുത്തുകാരിയുടെ ലക്‌ഷ്യം.
വർധിച്ചു വരുന്ന ബലാൽക്കാരങ്ങളെയും, സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയും , ഇരയുടെ പിന്നീടുള്ള ജീവിതവും നോവലിൽ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. പുരുഷന്റെ ആധിപത്യം പൊട്ടിച്ചു കളയാനാവാത്ത ഒരേ ഒരു കേന്ദ്രം റേപ്പിന്റെതാണ് എന്ന് തോന്നുന്നു. മറ്റെല്ലാ രംഗത്തും സ്ത്രീക്ക് പുരുഷനൊപ്പമോ ഒരുപക്ഷെ അവനെ കടന്നു പോകുകയോ ചെയ്യാം. പക്ഷെ ഈ രംഗത്ത് അത് സാധ്യമാകും എന്ന് തോന്നുന്നില്ല. ഈ നോവലിന്റെ അവതാരിക ഡോ. സി.ആർ പ്രസാദ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് ''ഇത്തരമൊരു ലോകക്രമത്തിലേക്ക് പുതിയ തലമുറയെ തള്ളിവിട്ട ഞാൻ ഉൾപ്പെടുന്ന തലമുറയുടെ പ്രവർത്തികളെകുറിച്ചോർത്തു ലജ്ജ തോന്നുന്നു.നോവൽ വായിച്ചു കഴിയുമ്പോൾ ഒരു പ്രാർത്ഥനയെ ഉള്ളൂ. കുട്ടികളെ ഞങ്ങളോട് പൊറുക്കുക . നിങ്ങൾക്ക് മുറുകെ പിടിക്കാൻ വിശ്വാസത്തിന്റെ ഒരു കച്ചിതുരുമ്പുപോലും ബാക്കി നിർത്താത്ത ഞങ്ങൾക്ക് മറ്റെന്തു പറയാൻ.''
Nice review
മറുപടിഇല്ലാതാക്കൂ