ജീവിതമെന്ന അത്ഭുതം - കെ എസ് അനിയൻ

 

കെ എസ് അനിയൻ എന്ന ചെറുകഥാകൃത്ത് എഴുതിയ ദൈവ തുല്യനായ അർബുദ ചികിത്സവിദഗ്ധൻ ഡോ .വി പി ഗംഗാധരൻ എന്ന ഡോക്ടറിന്റെ അനുഭവക്കുറുപ്പുകളാണ് 31 അധ്യായങ്ങൾ അടങ്ങിയ ജീവിതമുള്ള ഈ പുസ്തകം. അദ്ദേഹം കണ്ട 31 ൽ അധികം ജീവിതങ്ങളാണ് ഈ അനുഭവകുറിപ്പിൽ ഉള്ളത്. മറ്റു ഡോക്ടർ മാരിൽ നിന്നും ഈ മനുഷ്യൻ വ്യത്യസ്തനാകുന്നത് രോഗികളുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നിടത്തിലൂടെയാണ്. ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ തന്നെ അതിനെ അഭിമുഖീകരിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നവരോടും, ജീവിതത്തിനു വില കൊടുക്കാത്തവരോടും ഒക്കെ നാം സാധാരണ പറയുന്ന ഒരു കാര്യമുണ്ട്. ആ ആർ സി സി വരെയൊന്ന് പോയി നോക്കാൻ.. ആർ സി സിയിൽ പോകുന്നതിനു പകരം ഈ പുസ്തകത്തിലൂടെ ഒന്ന് യാത്ര ചെയ്താൽ മതിയാകും ജീവിതത്തിന്റെ വിലയും , അഹങ്കാരത്തിന്റെ നിരർത്ഥകതയും മനസിലാക്കാൻ.  ജീവിക്കാൻ പ്രേരിപ്പിക്കുന്ന മോട്ടിവേഷൻ ആണ് ഈ അനുഭവക്കുറിപ്പുകൾ.

 ഈ പുസ്തകത്തിലുടനീളം അർബുദം എന്ന ഞണ്ട് പിടി മുറുക്കിയത് കാരണം ജീവിത യാത്ര പകുതിയിൽ നിർത്തി മടങ്ങേണ്ടി വന്നവർ, രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് വന്നവർ, കാൻസർ വന്നത് കൊണ്ട് മാത്രം സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അവഗണിക്കപ്പെട്ടവർ തുടങ്ങി ജീവിതങ്ങളിലെ സ്നേഹരാഹിത്യങ്ങൾ കാണാനാകും. നമ്മുടെ അഹങ്കാരത്തിന്റെ വന്മതിലുകൾ ഇടിഞ്ഞു വീഴാൻ , ജീവിതം വെറും നീർകുമിളയാണെന്ന തിരിച്ചറിവുണ്ടാകാൻ, ഒരു പുതിയ മനുഷ്യനായി മാറാൻ ഈ പുസ്തകം ഏതൊരു വായനക്കാരനെയും സഹായിക്കും എന്നതിൽ സംശയമില്ല . ഒപ്പം തന്നെ അര്ബുദധാരികൾക്ക് കരുത്തേകുകയും ചെയ്യും. ഓരോ അധ്യായങ്ങളും പൊള്ളുന്ന ജീവിതാനുഭവങ്ങൾ ആയതു കൊണ്ട് തന്നെ കണ്ണീരണിയിപ്പിക്കും...അന്യരുടെ ദുഖവുമായി താദാത്മ്യം പ്രാപിച്ചു കണ്ണുനീരാൽ ഹൃദയത്തിലെ കറകളെ കഴുകി കളയുന്നതും നല്ലതാണല്ലോ?

കൃത്യമായ സമയത്തു കണ്ടുപിടിക്കാനായാൽ അർബുദത്തെ മാറ്റാനാകുമെന്നും, സമൂഹം അർബുദത്തെ കുറിച്ചു ചിന്തിക്കുന്ന ധാരണകൾ തെറ്റാണെന്നും അദ്ദേഹം ഈ പുസ്തകത്തിലൂടെ ഓർമിപ്പിക്കുന്നു. ഈ രചനയുടെ ഒരു അധ്യായത്തിൽ അർബുദബാധിതയായ ഒരു പെൺകുട്ടിയെ അവളുടെ അമ്മ മുറിയിൽ പൂട്ടിയിട്ട് ആഹാരം കൊടുക്കുന്ന ഒരു രംഗം ഉണ്ട്. അവൾ പുറത്തിറങ്ങിയാൽ അവളെ കാൻസർ രോഗി എന്ന് വിളിച് കളിയാക്കുകയും , രോഗം പകരും എന്ന് വിശ്വസിച്ചു അവളെ ആട്ടിയോടിക്കുകയും ചെയ്യുന്ന സമൂഹത്തിൽ ആ അമ്മയ്ക്ക് എന്ത് ചെയ്യാനാകും ? സമൂഹ മനസ്സിൽ ബാധിച്ച കാൻസർ ഒരിക്കലും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തതാണ്. ദൈവസ്പര്ശമുള്ള ഡോ ഗംഗാധരന് സ്ഥാനം രോഗികളുടെ ഹൃദയത്തിലാണ്... ആമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട് ഈ പുസ്തകം ഒരു മുത്തശ്ശി ടീച്ചർ സൂക്ഷിക്കുന്നത് അവരുടെ പൂജാമുറിയിലാണ് എന്നാണ്.. അതിനേക്കാൾ വലുതായി എന്ത് പുരസ്‌കാരമാണ് ഈ പുസ്തകത്തിന് ലഭിക്കാനുള്ളത്? 

പുസ്തകത്തിന്റെ കവർ പേജ് നോക്കിയാൽ ഒരു ചുവന്ന ട്രാഫിക് ലൈറ്റ് കാണാം. അതിനർത്ഥം അർബുദ ഞണ്ടിന് ഇങ്ങോട്ട് പ്രവേശനം ഇല്ല എന്നും കാവലായി വി പി ഗംഗാധരൻ എന്ന മനുഷ്യദൈവം ഉണ്ട് എന്നും ആണെന്ന് നമുക്ക് വ്യാഖാനിക്കാം..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാലാഖയുടെ മറുകുകൾ, കരിനീല.

ए.आई. और रचनात्मकता: एक नया युग

गोल्डन वीज़ा योजना