അമ്മ - മാക്സിം ഗോർക്കി
തന്റെ എഴുത്തിന്റെ കേന്ദ്രത്തിൽ സാധാരണ മനുഷ്യർക്ക് സ്ഥാനം കൊടുത്ത ഒരു അതുല്യനായ എഴുത്തുകാരനാണ് മാക്സിം ഗോർക്കി. ഹിന്ദി സാഹിത്യത്തിന്റെ ഭാഷയിൽ പറഞ്ഞാൽ हाशिए कृत ആയ അതായത് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ എഴുത്തുകാരൻ വളരെ ആർദ്രതയോടെ അവതരിപ്പിക്കുകയായിരുന്നു ഗോർക്കി തന്റെ രചനകളിലൂടെ.. അദ്ദേഹത്തിന്റെ പേര് സാഹിത്യലോകത്തു സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്ത നോവലാണ് ഒക്ടോബർ വിപ്ലവത്തിന്റെയും, റഷ്യൻ വിപ്ലവത്തിന്റെയും പശ്ചാത്തലത്തിൽ എഴുതപെട്ട അമ്മ എന്ന നോവൽ. പിലഗേയ നിലോവ്ന എന്ന മധ്യവയസ്‌കയായ അമ്മയാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം...കഥാനായകൻ പാവേൽ വ്ളാസോവിന്റെ അമ്മയാണ് അവർ . ഭർത്താവിന്റെ കുത്തഴിഞ്ഞ ജീവിതവും മദ്യപാനവും ഭര്‍ത്താവിനെ മരണത്തിലേക്ക് തള്ളിവിട്ടപ്പോള്‍ അവരെ ചിന്തിപ്പിക്കാൻ , ജീവിതത്തിലേക്ക് കൊണ്ട് വരാൻ പാവേല്‍ വ്‌ലാസോവ് ഒരു ചോദ്യം
ചോദിക്കുന്നുണ്ട്.. ''അമ്മ എന്തു സുഖമാണ് അറിഞ്ഞിട്ടുള്ളത്? ഓര്‍മ്മിക്കാനായി എന്താണ് കൈവശമുള്ളത്'' ഈ ചോദ്യമാണ് അമ്മയെ ഉണർത്തുന്നത്. ഈ ചോദ്യം എന്നും പ്രസക്തിയുള്ളതും ആർക്കും ആരോടും അല്ലെങ്കിൽ സ്വയം തന്നെ ഇടയ്ക്കിടക്ക് ചോദിക്കാവുന്നതും ആണ് . നിലോവ്‌നയ്ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീകളോട് ഏറെ പറയാനുണ്ട്. ..വിപ്ലവ പ്രവർത്തനങ്ങൾക്ക് മകനോടൊപ്പം ഇറങ്ങുന്ന അമ്മ മകൻ ജയിലിലായപ്പോഴും അസാമാന്യമായ ധൈര്യത്തോടെ സമരമുഖത്ത് എല്ലാവർക്കും കരുത്ത് പകർന്ന് നില കൊള്ളുന്നു.. മകന്‍ കൈമാറിയ നീതിയെക്കുറിച്ചുള്ള സ്വപ്നങ്ങളിലേക്കുള്ള അവരുടെ യാത്ര ആരെയും പ്രേരിപ്പിക്കുന്നതാണ്..
മകനും കൂട്ടുകാരും വായിക്കുന്ന പുസ്തകങ്ങള്‍ നേര് പറയുന്നതായതുകൊണ്ടാണ് വിലക്കപ്പെട്ടതാവുന്നത് എന്ന് അവര്‍ തിരിച്ചറിഞ്ഞൊരു നിമിഷം മുതൽ അവർ അവരുടെ ലേഖനങ്ങളും പുസ്തകങ്ങളും എല്ലാവരിലും എത്തിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു . എങ്ങനെ ജീവിച്ചിരുന്നു എന്നതിനെ ഭൂതകാലത്തിന്റെ കാണാക്കയങ്ങളിലേക്ക് എന്നന്നേക്കുമായി ഉപേക്ഷിച്ചു ഇനിയും എങ്ങനെ ജീവിക്കണമെന്ന് അവര്‍ തീരുമാനിച്ചുറപ്പിച്ചു. അന്ന് മുതൽ പാട്ട് പാടി. തുറന്ന് സംസാരിച്ചു, നീതിയെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ ജീവിച്ചു .
വിപ്ലവകാരിയായ മകനോടൊപ്പം നിന്നപ്പോൾ അര്‍ത്ഥസമ്പുഷ്ടമായ ഒരു ജീവിതം അവരും സ്വപ്നം കണ്ടു. നിലോവ്‌നയും ചിന്തിച്ചു തുടങ്ങി, ചുറ്റുമുള്ള തൊഴിലാളികൾക്ക് വേണ്ടി . പാവേല്‍ വ്‌ലാസോവ് പറയുന്ന ഒരു വാചകം ഇപ്രകാരമാണ് : ''ഒരാളുടെ അമ്മ അയാളുടെ ആദര്‍ശത്തില്‍ വിശ്വസിക്കുക കൂടി ചെയ്യുമ്പോള്‍ അയാള്‍ക്കത് ഒരു അപൂര്‍വ്വഭാഗ്യമാകുന്നു'' സ്വതന്ത്ര മനുഷ്യരുടെ വിശേഷ ദിവസമെന്ന് വിശേഷിപ്പിച്ച മെയ്ദിനജാഥയില്‍ ന്യായത്തിന്റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പതാകയുമായി പാവേല്‍ വ്‌ലാസോവ് നടക്കുമ്പോൾ പരിശുദ്ധമായൊരു ലക്‌ഷ്യം ആ ജാഥക്കുണ്ടെന്ന് അമ്മ മനസിലാകുന്നു..
മകന്റെ അറസ്റ്റിനുശേഷം മാനവരാശിയുടെ ആ പരിശുദ്ധമായ ലക്‌ഷ്യം നടപ്പിലാക്കാൻ ആഘോരാത്രം പരിശ്രമിച്ച ആ സ്ത്രീ തന്റെ ജീവിതത്തിന്റെ യഥാർത്ഥ അസ്തിത്വം തിരിച്ചറിയുന്നു.. മകന്റെ കാരാഗൃഹവാസത്തില്‍ അവന്റെ പ്രവർത്തനങ്ങളെ ഏറ്റെടുത്ത അമ്മ പിന്നീടുള്ള ജീവിതത്തില്‍ ലഘുലേഖകളുമായി സഞ്ചരിക്കുകയും ചാരന്മാരുടെ ദൃഷ്ടിയിൽ നിന്നും സമര്‍ത്ഥമായി രക്ഷപെടുകയും ചെയ്യുന്നു.. ഭയത്തിനെതിരായ സ്വയം പ്രതിരോധത്തിന്റെ നിലോവ്‌ന ടെക്നിക് ഇന്നത്തെ കാലത്തും വളരെ പ്രസക്തിയുള്ളതാണ്. മാറ്റത്തിനായി കൊതിക്കുകയും, ചിന്തകളും , വിപ്ലവങ്ങളും സോഷ്യൽ മീഡിയയിൽ ലൈക്കുകൾ മാത്രമായി ഒതുങ്ങി കൊണ്ടിരിക്കുന്ന ഈ കാലത്ത്, അനുകൂലമായോ പ്രതികൂലമായോ പോലും പ്രതികരിക്കാനാവാത്തവരുടെ ഈ കാലത്ത് , സമൂഹം എന്ത് വിചാരിക്കും എന്ന് ചിന്തിച്ചു മാറിനിൽക്കുന്നവരുടെ കാലത്ത് മാക്‌സിം ഗോര്‍ക്കിയുടെ 'പിലാഗേയ നിലോവ്‌ന' എന്ന അമ്മ ഉത്തരവുമായെത്തുന്നു. അവര്‍ പറയുന്നു: ''വൈകിയും പുഷ്പിക്കാം, ഒരിക്കല്‍ ആരായിരുന്നുവെന്ന് ഓര്‍ത്തെടുക്കുകയും ചെയ്യാം''-സമോവറില്‍ നിന്ന് ചായ പകര്‍ന്ന് തന്ന് ലോകത്തെ അവര്‍ ഉണര്‍ത്തുകയാണ്.
വീണിടത്തു നിന്നും എഴുന്നേറ്റ് തങ്ങളുടെ തളര്‍ന്ന കാല്‍മുട്ടുകള്‍ക്ക് ബലം കൊടുത്ത്, മുന്നോട്ട് മാന്‍പേടയെ പോലെ കുതിക്കാന്‍ സ്‌നേഹവും സമരവും ഇഴചേര്‍ന്നോരു ജീവിത കാവ്യം ഈ നോവലിലൂടെ നമുക്ക് മുന്നിൽ തുറന്ന് കാട്ടുന്നു..
നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുറവിളി നോവലിൽ കാണാം. സോഷ്യല്‍ മീഡിയയില്‍ ഒരു ചെറുപ്പക്കാരന്‍ ചോദിക്കുന്നു-'പ്രതികൂലമായ എല്ലാ സാമൂഹ്യ അവസ്ഥകളെയും നിലനിര്‍ത്തിക്കൊണ്ടു തന്നെയല്ലേ നിങ്ങള്‍ അവക്ക് വേണ്ടി വാദിക്കുന്നത്' എന്ന്. അയിത്തം നിലനിര്‍ത്തികൊണ്ട് ജാതീയതക്കെതിരായും മനസ്സിന്റെ അതിരുകള്‍ ഭേദിക്കാതെ ദേശീയതക്കുവേണ്ടിയും സ്ത്രീയെ തുല്യയായി കാണാതെ സമത്വത്തിനു വേണ്ടിയും എന്തിനാണ് നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് എന്ന്? ഈ ചോദ്യം സമൂഹത്തിനു നേരെയുള്ള തുറന്ന വെല്ലുവിളി തന്നെയാണ്...
Great
മറുപടിഇല്ലാതാക്കൂTnq
ഇല്ലാതാക്കൂWelcome to the club
മറുപടിഇല്ലാതാക്കൂThanks
ഇല്ലാതാക്കൂ