മീരസാധു - കെ ആർ മീര
പ്രേമത്തിനാൽ ഭ്രാന്തിയാക്കപ്പെട്ട , ജഡമായ ശരീരത്തെ ജീവിപ്പിക്കുന്ന പകയെന്ന സ്പന്ദനത്തിന്റെ ശക്തിയിൽ തന്റെ ജന്മദിനത്തിൽ മീരയായി പുനർജനിച്ച തുളസിയുടെ മനോവ്യാപാരങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. അയ്യായിരത്തിലേറെ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന, നമ്മൾ പുണ്യ നഗരിയെന്നു വിശേഷിപിക്കുന്ന unofficialy വിധവകളുടെ നഗരം എന്നറിയപ്പെടുന്ന മധുര ഈ നോവലിന്റെ പശ്ചാത്തലമാണ്.
പുലർച്ചെ യമുനയിൽ കുളിച്ച്, തന്റെ മൊട്ടത്തല സാരിത്തലപ്പാൽ മറച്ച് അനുഭവങ്ങളുടെ തീച്ചൂളയിൽ സ്വയം വെന്തുരുകി അവൾ ഭഗവാൻ കൃഷ്ണന്റെ വിധവയായി നീണ്ട പന്ത്രണ്ടു വർഷങ്ങൾ ധർമശാലയിൽ കഴിച്ചു കൂട്ടി. എട്ടുവർഷം മാത്രംനീണ്ടുനിന്ന ദാമ്പത്യം അവളുടെ സിരകളിൽ വിഷവും പകയും നിറച്ചു. ഐ.ഐ.ടിയിലെ മിടുക്കിയായ വിദ്യാർത്ഥിയായിരുന്ന അവൾ മാധവന്റെ പൊള്ളയായ സ്നേഹത്തിൽ വിശ്വസിച്ച് ഐ.ജിയായിരുന്ന തന്റെ അച്ഛനെയും, രോഗിയായ അമ്മയെയും, രണ്ട് സഹോദരിമാരെയും വിനയനെയും ഉപേക്ഷിച്ചു അവൾ മാധവനുമായി ഒളിച്ചോടി. മാധവനുമായി വിവാഹ ജീവിതം തുടക്കത്തിൽ മധുരമേറിയതായിരുന്നു. എന്നാൽ നാളുകൾ കഴിഞ്ഞപ്പോൾ അയാളുടെ പരസ്ത്രീഗമനങ്ങളിൽ മനം മടുത്ത അവൾ പ്രതികാരദാഹിയായി മാറുന്നു. മീരയുടെ പരിഭവങ്ങളത്രെയും മാധവൻ അസൂയയെന്ന് ചിരിച്ചുതള്ളി. തന്റെ വിധിയെ പഴിച്ച് രണ്ടുമക്കളുമായി ആ ഫ്ലാറ്റിൽ കഴിഞ്ഞുകൂടാനേ മീരയ്ക്ക് നിവൃത്തിയുണ്ടായുള്ളൂ. ഒരിക്കലും തന്റെ വിധിയെയോർത്ത് അവൾ കണ്ണുനീർ പൊഴിച്ചില്ല. യാതനകളുടെ ജീവിതത്തിൽ ഏറ്റവും അസഹനീയമായ വാർത്തയായിരുന്നു മാധവന്റെ പുനർ വിവാഹത്തിനുള്ള ഒരുക്കം. ഒരുപക്ഷേ, അതോടെയാവാം മീരയുടെ മനോനില തെറ്റിയത്. തന്റെ മക്കളെപ്പോലും അവൾ അങ്ങനെയാവണം കൊന്നുകളഞ്ഞത്.
എട്ടുവർഷം നീണ്ട ദാമ്പത്യം അങ്ങനെയാണ് മീര അവസാനിപ്പിച്ച് മധുരയിലേക്ക് വരുന്നത്. എങ്കിലും അവൾ മാധവനെ പ്രണയിച്ചു, പക്ഷെ ആ പ്രണയം അവനോടുള്ള പകയായിരുന്നു.പ്രണയം കൊണ്ട് അവൾ മാധവനെ പവിത്രീകരിക്കണം എന്ന സ്വപ്നവുമായി അവർ മീരാ സാധുവായി നടന്ന് നീങ്ങുമ്പോൾ അവളുടെ ആരാധന പകയുടെ പുഷ്പാഞ്ജലികളാകുന്നതിന്റെ നേർകാഴ്ച നമുക്ക് മുന്നിൽ തെളിയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ