ആ മരത്തെയും മറന്നു മറന്നു ഞാൻ - കെ ആർ മീര

 "അച്ഛനൊരിക്കൽ രാധികയെ വഴിയിൽ മറന്നു. അവൾക്കന്ന് പത്തു വയസ്സ്. അവിടെനിന്നാണ് രാധികയുടെ ദുഃഖഗാഥ ആരംഭിക്കുന്നത്. ചെരിപ്പോ കുടയോ മറന്നുപോകുന്നതുപോലെയാണ് അച്ഛൻ അവളെ മറന്നത്. മകളെ വഴിയിൽ മറന്ന് അച്ഛൻ എവിടെയാണ് പോയത് പെരുവഴി യമ്പലം എന്ന ബാറിൽ കയറി മദ്യപിച്ച് പൈങ്കുളം പാർവ്വതിയെന്ന അഭി സാരികയൊത്ത് രമിക്കാൻ..."  ഇങ്ങനെ  വായനക്കാരെ മുറിവേൽപ്പിച്ചു കൊണ്ടാണ് നോവൽ തുടങ്ങുന്നത്. ആഘാതത്തിന്റെയും വിശ്വാസവഞ്ചനയുടെയും ഏകാന്തതയുടെയും കഠിനമായ കഥയാണ് ഈ നോവൽ. ദുഃഖം നിറഞ്ഞു നിൽക്കുന്ന കഥ ആയിരുന്നിട്ടും, ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ കഴിഞ്ഞത് ചെറിയ നോവൽ ആയതുകൊണ്ട് മാത്രമല്ല, പേജ് മറിക്കാൻ പ്രേരിപ്പിക്കുന്ന മീരയുടെ എഴുത്തു തന്നെയാണ് .. നോവലിൽ പലയിടത്തായി സ്നേഹത്തെ മരമായും, മരത്തിന്റെ ചില്ലയായും, പൂവായും, കായ് ആയും, മുള്ളായും, വേരായും ഒക്കെ ഭംഗിയായി  മീര ഉപമിച്ചിരിക്കുന്നു.

"സ്നേഹം ഒരു വിചിത്രമായ വൃക്ഷം തന്നെ. തഴച്ചു നിൽക്കുമ്പോൾ കടപ്പുഴകും. പാട്ടുപോയെന്നു തോന്നുമ്പോൾ കായ്ക്കും. മുറിച്ചു മാറ്റിയാലും പൊട്ടിക്കിളിർക്കും."

മുൻ പ്രണയത്തിന്റെ ശക്തമായ ഓർമ്മ ഈ നോവലിലെ നായിക  രാധികയുടെ ആന്തരിക ലോകത്തെ ഭരിക്കുന്നു. അവൾ ആഗ്രഹിക്കാത്തതോ, എതിർക്കാത്തതോ ആയ ഒരു ദാമ്പത്യത്തിൽ തുടരുമ്പോഴും കുട്ടികാലത്തെ ഓർമകളിൽ വെന്തു നീറുന്നുണ്ട്... അവൾ രണ്ടുതവണ ഉപേക്ഷിക്കപ്പെട്ടു: ആദ്യം അവളുടെ പിതാവിനാലും, പിന്നീട് അവളെ സ്നേഹിച്ച ക്രിസ്റ്റിയാലും. പതിനാറ് വർഷങ്ങൾക്ക് ശേഷം തകർന്ന് അസ്ഥിരമായി ക്രിസ്റ്റി തിരിച്ചെത്തുമ്പോൾ പ്രണയത്തിന്റെ കരിഞ്ഞതും വാടിപ്പോയതുമായ വേരുകൾ വീണ്ടും പൂക്കുന്നു. ആഘാതവും വഞ്ചനയും ഏകാന്തതയും നേരിടുന്ന രാധിക സഹിക്കുന്ന ശാരീരികവും വൈകാരികവുമായ അക്രമത്തിന്റെ  ചിത്രം വരയ്ക്കുകയാണ് എഴുത്തുകാരി. 

അച്ഛന്റെ മറവിയുടെയും, അദ്ധ്യാപകന്റെ കാമഭ്രാന്തിന്റെയും അമേരിക്കയുടെ തീബോംബിന്റെയും ഇര എന്തുകൊണ്ട് എല്ലായ്പ്പോഴും പെണ്ണാകുന്നു എന്ന ചോദ്യം ഈ നോവലിൽ നിഴലിക്കുന്നുണ്ട്.. സ്നേഹത്തോടുള്ള , സ്നേഹിച്ച പുരുഷനോടുള്ള വിധേയത്വം മീരയുടെ നോവലുകളിൽ കാണാം..  ആരാച്ചാർ എന്ന നോവലിലും കേന്ദ്ര കഥാപാത്രമായ ചേതനക്ക് സഞ്ജീവ്കുമാറിനോട് പ്രതികാര ദാഹവും അമർഷവും ഉണ്ടെങ്കിൽ പോലും സ്നേഹത്തിന്റെ പേരിൽ വിധേയത്വത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. ഇവിടെ രാധികയിലും, വിധേയത്വം നിലനിൽക്കുന്നുണ്ട്.

അങ്ങനെയാണ് പെണ്ണ് എന്നാണോ..?

അങ്ങനെയാവണം പെണ്ണ് എന്നാണോ..?

അതോ അങ്ങനെയുള്ള പെണ്ണുങ്ങൾ നിറയെ ഉണ്ട് എന്നാണോ..? 

സ്ത്രീയെ ദുർബലയാക്കാൻ സ്നേഹം ഒരു മധുരമുള്ള വിഷമാകുകയാണോ???

പത്താം വയസ്സ് മുതൽ വേദനയിൽ നീറിയാണ് ഇതിലെ കേന്ദ്രകഥാപാത്രമായ രാധിക ജീവിതം മുന്നോട്ട് കൊണ്ട്പോകുന്നത്. പത്താം  വയസ്സിൽ സംഭവിച്ച ആഘാതം തന്റെ മുപ്പത്തിയാറാം വയസ്സിലും രാധികയെ പിന്തുടരുന്നുണ്ട്. രാധികയെ അതിൽ നിന്നും മീര മോചിതയാക്കും എന്ന് പ്രതീക്ഷിച്ചു. അങ്ങനെയൊന്നുണ്ടായില്ല..!

നോവലിന്റെ ഉദ്യമം വേദനയാണ്, അത് നന്നായി മീര നിർവ്വഹിച്ചു. നോവൽ അവസാനിക്കുമ്പോൾ ഈ കഥ മുന്നോട്ട് വെക്കുന്ന ആശയത്തിലോ രാധികയുടെ വിധിയിലോ വായനക്കാർ ഒരു നിമിഷം നിശബ്ദമായി പോയേക്കാം..ചിന്തിക്കാൻ വായനക്കാർക്ക് വിട്ടുകൊടുത്തു കൊണ്ട് എഴുത്തുകാരി പിൻവാങ്ങുമ്പോൾ രാധിക വായനക്കാരുടെ ഉറക്കം കെടുത്തുക തന്നെ ചെയ്യും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാലാഖയുടെ മറുകുകൾ, കരിനീല.

ए.आई. और रचनात्मकता: एक नया युग

गोल्डन वीज़ा योजना