രണ്ടാമൂഴം - എം ടി വാസുദേവൻ

 ഭൗതികമായ സമ്പത്തുകളൊക്കെ ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക് പുറപ്പെടുന്ന പാണ്ഡവരെ കാണിച്ചുകൊണ്ട്, ഭീമന്റെ ചിന്തകളിലൂടെയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. പാണ്ഡവ കൗരവ യുദ്ധത്തിൽ ഏറ്റവും കൂടുതൽ പേരെ വധിച്ച ഭീമൻ  ശ്രദ്ധിക്കാതെ പോയ ഒരു കഥാപാത്രമാണ്. ഭീമന്റെ ആകുലതകളിലൂടെയാണ് ഓരോ കഥാപാത്രവും നമ്മുടെ മുന്നിലെത്തുന്നത്. ചക്രവ്യൂഹത്തെ തകർക്കുന്നതിനിടയിൽ മരിച്ച അഭിമന്യുവിന്റെ  വീരഗാഥ പാടി പുകഴ്ത്തുന്നതിനിടയിൽ അർജുനന്റെ ജീവൻ രക്ഷിക്കാൻ ജീവത്യാഗം ചെയ്ത ഭീമ-ഹിഡുംബി  ദമ്പതികളുടെ മകനായ ഘടോൽകചനെ കാട്ടാളനായതുകൊണ്ട്  സൗകര്യപൂർവ്വം മറക്കുന്ന സംഭവം എടുത്തു കാണിക്കുന്നതിലൂടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതിയുടെ വേരുകൾ എത്ര പഴക്കമുള്ളതാണെന്ന് എഴുത്തുകാരൻ നമ്മെ ഓർമിപ്പിക്കുന്നു. വൃകോദരൻ  എന്ന് വിളിച്ച്  എല്ലാവരും കളിയാക്കുന്ന  ഭീമന്റെ നേട്ടങ്ങളെ കണ്ടെത്തുകയാണ് എംടി ഈ നോവലിലൂടെ. വ്യാസനാൽ എഴുതപ്പെട്ട മഹാഭാരതം വായിക്കുമ്പോൾ കിട്ടുന്ന കാഴ്ചപ്പാടിനപ്പുറം സത്യത്തിന്റെ മറ്റൊരു കാഴ്ചപ്പാടിലേക്ക് മലയാളിയെ ഈ നോവൽ കൊണ്ടുപോകുന്നു. പാണ്ഡവരിൽ രണ്ടാമനായ സഹോദരന്മാർ അരങ്ങു കീഴടക്കി വാഴു മ്പോൾ പിറകിലേക്ക് തഴയപെട്ട ഒരു ഭീമനെയാണ് നമ്മൾ ഇതിൽ കാണുന്നത്  ഒരു ജീവിതകാലം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തുനിന്ന ഭീമനാണ് ഈ നോവലിലെ നായകൻ. ചൂതുകളിൽ രാജ്യവും, സമ്പത്തും, പെണ്ണും നഷ്ടപ്പെടുത്തിയ യുധിഷ്ഠിരന്റെയും വില്ലാളിവീരനായ അർജുനന്റെയും ഇടയിൽ തന്റെ അസ്ഥിത്വം തെളിയിക്കാൻ കഴിയാതെ പോയവൻ. പിറകിൽ മരിച്ചു കൊണ്ടിരിക്കുന്നവരെ നോക്കാതെ മുന്നോട്ട് നീങ്ങുമ്പോൾ, പാഞ്ചാലി തളർന്നു വീഴുമ്പോൾ മുന്നേ പോകുന്ന ജ്യേഷ്ഠന്മാർ തിരിഞ്ഞു നോക്കാതിരിക്കുമ്പോൾ ഓടിയെത്തുന്നത് ഭീമനാണ്. പാണ്ഡവ പുത്രരിൽ  ദ്രൗപതിയോട് ഏറ്റവും കൂടുതൽ പ്രണയം സൂക്ഷിക്കുന്നത് ഭീമനാണ്.  പാഞ്ചാലിക്ക് വേണ്ടി കല്യാണസൗഗന്ധികം തേടി പോകുന്നതും,ദുശ്ശാസനന്റെ  രക്തം കണ്ടേ  അടങ്ങൂ എന്നും  ദ്രൗപതി പറയുമ്പോൾ പാണ്ഡവ കൗരവ യുദ്ധത്തിൽ ദുശ്ശാസനന്റെ  മാറ് പിളർന്ന രക്തം കൊണ്ട് ദ്രൗപതിയുടെ മുടി കഴുകിക്കുന്നതും ഭീമനാണ്. ഭീമന്റെ ഭീമാകാരമായ ശരീരത്തിനുള്ളിലെ മനസ്സും പ്രണയവും ആരും കാണാതെ പോകുന്നു. പ്രണയത്തിലും അവന്റേത് രണ്ടാമൂഴ മാണ്. പാഞ്ചാലി പ്രണയിച്ചിരുന്നത് അർജുനനെയാണ്. മഹാബലനായ ഭീമൻറെ ആരും കേൾക്കാത്ത കഥകളിലൂടെ എഴുത്തുകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോകുമ്പോൾ അർജ്ജുനന്റെയും , യുധിഷ്ഠിരന്റെയും  ആരാധകന്മാരൊക്കെ തിരിച്ചറിയും  യഥാർത്ഥ ഹീറോ ഭീമൻ ആണെന്ന്. രണ്ടാമൂഴത്തിന് മറ്റൊരു പേര് കൊടുക്കുകയാണെങ്കിൽ ഭീമന്റെ ദുഃഖം എന്ന്  കൊടുക്കാം.

''ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടു കളയാം. മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്’’.

''കടം വീട്ടാന്‍ പലതും ബാക്കിയിരിക്കേ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ…’ ഈ രണ്ടു വാചകങ്ങൾ ഭീമൻ ഇടയ്ക്കിടക്ക് സ്വയം പറയുന്നതാണ്..എം ടി യുടെ ഈ നോവൽ മഹാഭാരതത്തിന്റെ പുനർവ്യാഖാനം ആണെന്ന് നിസംശയം പറയാവുന്നതാണ്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാലാഖയുടെ മറുകുകൾ, കരിനീല.

ए.आई. और रचनात्मकता: एक नया युग

गोल्डन वीज़ा योजना