കെ വി മണികണ്ഠൻ- മൂന്നാമിടങ്ങൾ
''ഭാരത സംസ്കാരം സദാ ചാരി നിന്ന് സംരക്ഷിക്കുന്നവർ ഇവിടെ വച്ച് വായന നിർത്തുക. ഈ പുസ്തകം നിങ്ങൾക്കുള്ളതല്ല. മഹാഭാരതം, ഗദ്യം വായിക്കുക എല്ലാ ഭാവങ്ങളും അത് പൂർത്തിയായാൽ നിങ്ങൾ പിന്നെ സദാ ചാരാൻ നിൽക്കില്ല. അപ്പോൾ നിങ്ങൾക്ക് ഈ പുസ്തകം വായിക്കാം'' എന്ന കുറിപ്പോടെയാണ് നോവൽ ആരംഭിക്കുന്നത്. അതോടൊപ്പം തന്നെ എഴുത്തുകാരൻ പറയുന്നു ഇതിലെ കഥാപാത്രങ്ങൾ സാങ്കല്പികമല്ല. എല്ലാവരും ഇന്ന് ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആണ് . കഥാപാത്രങ്ങളുടെ പേരുകൾ, സ്ഥലങ്ങൾ കാലം ഇവയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകളും മറ്റു അങ്ങനെ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം ഞാൻ രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്ത്രീ പുരുഷ ബന്ധങ്ങളുടെ അനുഭവങ്ങളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. ഇന്ദിര, ഡാലിയ ,അഹല്യ, നരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാണ്. സഹോദരന്റെ കുഞ്ഞിനെ പ്രസവിച്ച ഇന്ദിര എന്ന എഴുത്തുകാരി വിവാഹം കഴിക്കാതെ അമ്മയായവളാണ് . പുരുഷത്വത്തിന്റെ നിലാവ് കണ്ടെത്തിയ നാൾ മുതൽ അത് കാണിച്ച് തന്ന ഭാനുമതി ചേച്ചിയുടെ പിയേഴ്സ് മണത്തോട് എന്നുമിഷ്ടമാണ് ചിത്രകാരൻ നരേന്ദ്രന്. അച്ഛനോട് പിണങ്ങി നാടുവിട്ട നരേന്ദ്രൻ പിന്നീട് നാട്ടിലെത്തുന്നത് നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ്..പെണ്ണുടലുകളെ മൂന്നാമിടങ്ങൾ ആയി കാണുന്ന ആളാണ് നരേന്ദ്രൻ.
ഒരിക്കൽ ആരോടും ഒന്നുംപറയാതെ തിരികെ വന്നപ്പോൾ മുതൽ ഒപ്പമുണ്ട് അനിയത്തിയായ ഇന്ദിര. മാംസാഹാരം കഴിക്കാത്തവൾ, എപ്പോഴും ശരീരത്തിൽ നിന്നും രാമച്ചത്തിന്റെ മണം പ്രസരിക്കുന്നവൾ, പിന്നെ അവളുടെ പ്രിയ കൂട്ടുകാരി ഡാലിയയും. നരേന്ദ്രൻ മൗനിയായിരുന്നു. ഒരായിരം ചിത്രങ്ങളിലേക്ക് നോക്കിയിരിക്കുമ്പോൾ ഒരു മനുഷ്യൻ മൗനത്തിലേയ്ക്ക് കിനിഞ്ഞിറങ്ങിപ്പോകുമെന്നു ഇന്ദിരയ്ക്ക് പറഞ്ഞു കൊടുത്തതും നരേന്ദ്രനായിരുന്നു. എപ്പോഴോ നരേന്ദ്രനോട് തോന്നിയ ആരാധന പ്രണയമായി തീർന്നപ്പോൾ വിലക്കുകളുടെ ലോകത്തിരുന്ന് ഇന്ദിര കരഞ്ഞു. നരേന്ദന്റെ വിവാഹം അവൾക്കൊരു ആഘാതവുമായിരുന്നു. അഹല്യയുടെ വരവോടെ പക്ഷേ താളം തെറ്റുമെന്നു കരുതിയ ജീവിതം കൂടുതൽ മനോഹരമായി ഇന്ദിരയ്ക്ക് പിന്നീട് അനുഭവപ്പെട്ടു.
നരേന്ദ്രന്റെയും അഹല്യയുടെയും കുഞ്ഞിന്റെ വാടകഗർഭപാത്രമായി ചുരുങ്ങിപ്പോകുന്ന ഇന്ദിരയുടെ ആധിയും സങ്കടങ്ങളും സന്തോഷങ്ങളും ഒരുപക്ഷേ ഏറ്റവും നന്നായി അറിഞ്ഞത് ഡാലിയ തന്നെയാണ്. അവളാണല്ലോ ഇന്ദിരയോടൊപ്പം താമസിക്കുന്നവൾ... അവളുടെ എല്ലാമെല്ലാം.
അവരുടെ ബന്ധത്തിന് ഒരു പേരുകൊടുക്കാൻ എഴുത്തുകാരൻ മുതിരുന്നില്ല.
ഒരു സഹോദരിയ്ക്ക് സഹോദരനെ എന്തുകൊണ്ട് പ്രണയിച്ചുകൂടാ എന്ന് ഇന്ദിര മാന്ത്രികനായ കുഞ്ഞച്ഛനോടു ചോദിക്കുന്നു. സമൂഹം അങ്ങനെയൊക്കെയാണ് ബന്ധങ്ങൾക്കിടയിൽ കളിക്കുന്നതെന്ന് അവൾക്ക് മനസ്സിലാകുന്നുണ്ട്, നരേന്ദ്രന്റെ ഭാര്യയായ അഹല്യ പോലും അവളുടെ പ്രണയത്തിന്റെ തീക്ഷ്ണത മനസ്സിലാക്കുന്നുണ്ട്. പ്രണയം എന്ന് പറയുമ്പോൾ പോലും പല അധ്യായങ്ങളിലും പലരുടെ ഇടയിൽ പോലും രതിയുടെ വല്ലാത്ത സ്പർശം കാണാമെങ്കിലും ഇന്ദിരയ്ക്കും നരേന്ദ്രനുമിടയിൽ അങ്ങനെയൊന്ന് മനഃപൂർവ്വമാണെങ്കിലും നോവലിസ്റ്റ് ഒഴിവാക്കുന്നു. രതിയിലേർപ്പെടാതെ അമ്മയായവൾ മാത്രമാവുകയായിരുന്നു ഇന്ദിരയുടെ ദൗത്യം.
അഹല്യയുടെയും നരേന്ദ്രന്റെയും കുഞ്ഞിനെ പ്രസവിച്ചു കൊടുക്കാൻ വിധിക്കപെട്ട ഇന്ദിര വായനക്കാർക്ക് വേദനയാകുന്നു..അവൾ അവരുടെ ഇരട്ട കുഞ്ഞുങ്ങൾക്ക് ജൻമം കൊടുക്കുന്നതും അതിൽ ഒരു കുഞ്ഞിനെ ഇന്ദിരയ്ക്ക് തന്നെ വളർത്താൻ കൊടുക്കുന്നതും പറഞ്ഞു നോവൽ അവസാനിക്കുമ്പോൾ പരാദജീവികൾക്ക് മുന്നിൽ അവളുടെ കുഞ്ഞിന്റെ പിതാവിനെഎഴുത്തുകാരൻ കൊണ്ട് വരുന്നു.
വായനക്കാരെ ആകർഷിക്കുന്ന ഭാഷയാണ് കെ വി മണികണ്ഠന്റെത്.സദാചാര സമൂഹത്തിന്റെ തലയിൽ വൻ പ്രഹരമേല്പിക്കുന്ന ശക്തമായ കൂട്ടം വാക്കുകൾ ഈ നോവലിലുണ്ട്. മനുഷ്യന്റെ നിഗൂഢവത്കരിക്കപ്പെട്ടിരിക്കുന്ന മനസ്സിലേക്ക് ഒരു എത്തിനോട്ടമാണ് ഈ നോവൽ .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ